വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിലും കോളേജുകളിലും പ്രവേശനം വിലക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ള ഇടമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയല്ലെന്നും വിദ്യാഭ്യാസമന്ത്രി എ.രാജ്മോഹൻ വ്യക്തമാക്കി.

സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് പാടില്ലെന്നും സർക്കുലറിൽ നിർദേശമുണ്ട്.

സ്കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പൂർണമായും മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി അഭ്യർഥിച്ചു.

Related Posts