അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എൻജിനീയർ അവിനാശ് നരണേയ് (30) അറസ്റ്റിലായി. കഴിഞ്ഞ ഒക്ടോബറിൽ വാഷിംഗ്ടണിലെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ രജിത സബിനേനി (27)യുടെ മരണമാണ് വിശദമായ അന്വേഷണത്തിനൊടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവദിവസം ഭാര്യ കുളിമുറിയിൽ നിന്ന് പുറത്തുവരുന്നില്ലെന്ന് അറിയിച്ചത് അവിനാശ് തന്നെയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രജിതയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുന്നതിനിടെയായിരുന്നു യുവതിയുടെ ദുരൂഹമരണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ചാണ് രജിതയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ അന്വേഷണം അവിനാശിലേക്ക് കേന്ദ്രീകരിച്ചു. സംഭവസമയത്ത് താൻ വീട്ടിലില്ലായിരുന്നുവെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ വീട്ടിലെ സ്മാർട്ട് ലോക്ക് സംവിധാനത്തിൻ്റെയും മറ്റ് ഡിജിറ്റൽ രേഖകളുടെയും പരിശോധനയിൽ ആ സമയത്ത് മറ്റാരും വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തുടർന്നുള്ള പരിശോധനയിൽ ഇന്ത്യയിലെ ഒരു യുവതിയുമായി അവിനാശിന് വിവാഹത്തിന് മുമ്പ് മുതൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വിവാഹശേഷവും അത് തുടർന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവദിവസവും ഇയാൾ യുവതിയുമായി നിരവധി തവണ ഫോണിൽ സംസാരിച്ചതായും ഭാര്യയുടെ മൃതദേഹത്തിൻ്റെ ചിത്രം വരെ അയച്ചതായും അന്വേഷണത്തിൽ വ്യക്തമായി. മൊബൈൽ ഫോണിൽ നിന്ന് ചില സന്ദേശങ്ങൾ ഇയാൾ നീക്കം ചെയ്തിരുന്നെങ്കിലും ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം വീണ്ടെടുത്തു. ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിനൊടുവിലാണ് അവിനാശിനെ കൊലക്കേസിൽ അറസ്റ്റ് ചെയ്തത്.

Related Posts