മലനാട്, കുടക്, തീരദേശ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ, ഹാസൻ, കുടക് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവയുൾപ്പെടെയുള്ള തീരദേശ കർണാടകയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ജൂലൈ 11 വരെ വ്യാപകമായ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ ഉത്തര കന്നഡയിൽ മഴ അതിശക്തമാകും. വടക്കൻ ഉൾനാടൻ കർണാടകയിൽ മഴയുടെ തീവ്രത വർധ്ക്കുകയും ജൂലൈ 11 വരെ തുടരുകയും ചെയ്യും.
കാസർകോട് ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ കാറ്റിനൊപ്പം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 9 മുതൽ മഴ ക്രമേണ കുറയുമെന്നും ജൂലൈ 10 അല്ലെങ്കിൽ 11 മുതൽ കാലാവസ്ഥയിൽ മാറ്റത്തിനും സാധ്യതയുണ്ട്. കുടക്, ഹാസൻ, ചിക്കമഗളൂരു, ശിവമൊഗ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ട്. തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർച്ചയായ മഴ കുടക് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നദികളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. കുക്കെ സുബ്രഹ്മണ്യയിലും ദക്ഷിണ കന്നഡയുടെ മറ്റ് ഭാഗങ്ങളിലും കുമാരധാര നദിയിലെ ജലനിരപ്പ് ഉയർന്നു.