യുക്രൈയ്‌നുള്ള സൈനികസഹായം തല്ക്കാലം മരവിപ്പിച്ച് യുഎസ് ഭരണകൂടം. കഴിഞ്ഞ ദിവസം യുഎസിലെത്തിയ യുക്രൈയ്ന്‍ പ്രസിഡൻ്റ് വൊളൊദിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. യുദ്ധത്തില്‍ തോറ്റുകൊണ്ടിരിക്കുന്ന യുക്രൈയ്ന്‍ റഷ്യയുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണമെന്നായിരുന്നു ട്രംപിൻ്റെ ആവശ്യം.
ഇതിനോട് സെലെന്‍സ്‌കി വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ഇതേതുടര്‍ന്നാണ് യുക്രൈയ്‌നുള്ള സൈനികസഹായം യുഎസ് മരവിപ്പിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി വ്യക്തമാക്കിയതെന്നും സമാധാനം സ്ഥാപിക്കലാണ് ട്രംപിൻ്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
പുതിയ തീരുമാനം യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി പരിഹാരത്തിന് സെലന്‍സ്‌കി തയ്യാറായാല്‍ മാത്രമേ ഇനി സഹായവും സഹകരണവും ഉള്ളൂവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
119.7 ബില്യണ്‍ ഡോളറിൻ്റെ (1,04,53,17,16,30,860 രൂപ) സഹായമാണ് യുഎസ് 2022 മുതല്‍ യുക്രൈയ്‌ന് നല്‍കിയിരിക്കുന്നത്. ഇതില്‍ അധികവും അത്യാധുനിക മിസൈലുകളും ഡ്രോണുകളുമാണ്. ഇവ ഉപയോഗിച്ചാണ് യുക്രൈയ്ന്‍ സൈന്യം റഷ്യന്‍ ടാങ്കുകളെയും യുദ്ധക്കപ്പലുകളെയും ആക്രമിച്ചിരുന്നത്. യുഎസ് സഹായം നിലക്കുന്ന സാഹചര്യത്തില്‍ യുക്രൈയ്‌ന് മതിയായ ആയുധങ്ങളും സഹായങ്ങളും നല്‍കാനാണ് യൂറോപ്യന്‍ യൂണിയൻ്റെ തീരുമാനം.