ബെംഗളൂരുവിലെ ഓട്ടോ യാത്രക്കാർക്ക് ആശ്വാസമായി പുതിയ നടപടി. ഇനി മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾ സർക്കാർ നിശ്ചയിച്ച മീറ്റർ നിരക്കിൽ മാത്രമേ സർവീസ് നടത്താവൂ. യാത്രക്കാരിൽ നിന്ന് ഇഷ്ടാനുസരണം അധിക നിരക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിർദേശത്തിൻ്റെ ഭാഗമായി എല്ലാ ഓട്ടോറിക്ഷകളിലെയും ഡിജിറ്റൽ മീറ്ററുകൾ പുതുക്കി ക്രമീകരിക്കാനും നിർബന്ധമാക്കിയിട്ടുണ്ട്. മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കുകയോ സർവീസ് നിഷേധിക്കുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
മീറ്റർ അടിസ്ഥാനത്തിലുള്ള യാത്രാനിരക്ക് നടപ്പാക്കുന്നതിലൂടെ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിലുള്ള തർക്കങ്ങൾ കുറയുമെന്നും നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സുതാര്യമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.