കേരളത്തിൻ്റെ തനത് പാരമ്പര്യകലകളായ ഇടയ്ക്ക, അഷ്ടപദി, ചെണ്ടമേളം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് & കൾച്ചർ വിദ്യാരണ്യപുരയിൽ സംഘടിപ്പിച്ച അരങ്ങേറ്റ പരിപാടി “ത്രിലോചന അരങ്ങേറ്റം” ശ്രദ്ധേയമായി. സാംസ്കാരിക സംഘടനയായ രുദ്രാക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി സാംസ്കാരിക പ്രവർത്തകരും കലാസ്വാദകരും പങ്കെടുത്തു.
മീനാക്ഷി ബൈരേ ഗൗഡ, ലക്ഷ്മി ഹരി, ഹരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ഇടയ്ക്കയുടെയും അഷ്ടപദിയുടെയും അരങ്ങേറ്റത്തിൽ അനു അശോക് കുമാർ, സ്മേര സുധാകരൻ, അഭിലാഷ് കുഞ്ഞപ്പൻ, അരുണ്‍ കുമാർ സദാശിവൻ, രാജേഷ് പി രാജ്, അനിൽ കുമാർ വിനയൻ എന്നിവർ കലാപ്രകടനം നടത്തി. പരിപാടിയുടെ പ്രധാന ആകർഷണമായ പഞ്ചാരിമേളം അരങ്ങേറ്റത്തിൽ ഇഷാൻ അഭിലാഷ്, അരുണ്‍ കുമാർ സദാശിവൻ, ഡോ. അരുണ്‍ ഭാനു കുടുവൻ, രാജേഷ് പി. രാജ്, ഹർഷസ്കന്ദ, ശ്രീറാം പുത്തൻപുര, ടി.വി. സുധീർ മോഹൻ, സരോഷ് കുമാർ കായനാടത്ത് എന്നിവർ പങ്കെടുത്തു.
സീനിയർ ഗ്രൂപ്പ് അവതരിപ്പിച്ച പാണ്ടി മേളം ചടങ്ങിന് കൂടുതൽ മിഴിവേകി. അഭിലാഷ് കുഞ്ഞപ്പൻ, മോഹൻ കുമാർ, ശ്രീകേഷ്, ഉണ്ണികൃഷ്ണൻ നായർ, ഉമേഷ് കെ, ശശിധരൻ നായർ, രാമകൃഷ്ണ ആർ എന്നിവരടങ്ങിയ സംഘത്തിൻ്റെ അവതരണം പ്രേക്ഷകരുടെ ശ്രദ്ധ നേടി.
വിദ്യാരണ്യപുരയിലും സമീപ പ്രദേശങ്ങളിലുമുള്ള 300-ലധികം കലാസ്വാദകർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ താളവാദ്യ പാരമ്പര്യം സംരക്ഷിക്കുകയും പുതിയ തലമുറയിലേക്ക് കൈമാറുകയും ചെയ്യുകയെന്ന സംഘടനയുടെ ലക്ഷ്യത്തിന് ഊർജം പകരുന്നതായിരുന്നു ഈ സാംസ്കാരിക സംഗമം.
രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് & കൾച്ചർ ഗുരുക്കന്മാരെ ആദരിച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗുരുക്കന്മാരായ പെരുവനം ശങ്കരനാരായണൻ മാരാർക്ക് ‘ഗുരു ശിരോമണി പുരസ്കാര’വും അനിൽകുമാർ കൊമ്പത്ത്, ശരത് എസ്. മാരാർ എന്നിവർക്ക് ‘ആചാര്യ രത്ന പുരസ്കാര’വും നൽകിയാണ് ആദരിച്ചത്. പരിപാടിയുടെ നടത്തിപ്പിന് സഹകരിച്ച ശ്രീ വിദ്യാ ഗണപതി ക്ഷേത്രം സെക്രട്ടറി ഡോ. ജഗദീഷിന് സംഘാടകർ നന്ദി അറിയിച്ചു.