ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജയിലിനുള്ളിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് രക്തരൂക്ഷിത സംഘർഷത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം തടവുകാർ തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ജയിലിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. അക്രമാസക്തരായ തടവുകാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. നിലവിൽ 23 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാന ജയിലിലെ സംഘർഷം രൂക്ഷമായതോടെ സമീപത്തെ വനിതാ ജയിലിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മോചനം ആവശ്യപ്പെട്ട് വനിതാ തടവുകാർ ജയിലിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. ഇതോടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയും നിരവധി വനിതാ തടവുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തെ തുടർന്ന് ജയിലിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.