മുംബൈയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിലെ പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. വിക്രോളി വെസ്റ്റിലെ ബിൽഡിംഗ് പ്രൊപ്പോസൽ ഓഫീസിൽ 310.6 മില്ലിമീറ്ററാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കൊളാബ പമ്പിംഗ് സ്റ്റേഷനിൽ 306.6 മില്ലിമീറ്ററും വിക്രോളി ടാഗോർ നഗർ മുനിസിപ്പൽ സ്കൂളിൽ 301.8 മില്ലിമീറ്ററും മഴ ലഭിച്ചു. മലബാർ ഹിൽ, അന്ധേരി, ഗോരേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

ശക്തമായ വേലിയേറ്റത്തിനും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെട്രോയും ബെസ്റ്റ് ബസ് സർവീസുകളും നിലവിൽ സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും സബർബൻ ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സെൻട്രൽ, വെസ്റ്റേൺ റെയിൽവേ സർവീസുകൾക്ക് തടസമുണ്ടായിരുന്നു. മഴ ശക്തമായി തുടരുന്നതിനാൽ നഗരത്തിലെ സ്ഥിതിഗതികൾ അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

Related Posts