ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് വെള്ളിയാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനോട് അടുത്തെത്തിയതിനാൽ ബസിൽ രണ്ട് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാവരും ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തീപിടിത്തത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കെങ്കേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts