ആലപ്പുഴ തുമ്പോളിയിലെ എസ്.എൻ‍.വി എൽ.പി സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് (മംപ്‌സ്) സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം തടയാൻ സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.

സ്കൂളിലെ കുട്ടികൾക്കിടയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, രോഗം കൂടുതൽ വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസത്തേക്ക് സ്കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 21 ദിവസത്തേക്ക് അവധി അനുവദിച്ചു.

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് അഥവാ മംപ്‌സ് ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന വൈറസ് രോഗമാണ്. പാരാമിക്‌സോവൈറസ് മൂലമുണ്ടാകുന്ന ഈ രോഗം രോഗബാധിതരുടെ ഉമിനീർ വഴിയോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ശ്വാസതുള്ളികളിലൂടെയോ മറ്റുള്ളവരിലേക്ക് പകരും.

സാധാരണയായി രണ്ട് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ അപൂർവമായി വാക്‌സിൻ സ്വീകരിച്ച കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി കുറയുമ്പോൾ രോഗബാധ ഉണ്ടാകാം.

പ്രധാന ലക്ഷണങ്ങൾ

മുണ്ടിനീരിൻ്റെ പ്രധാന ലക്ഷണം ഉമിനീർ ഗ്രന്ഥികൾ വീർക്കുന്നതിനെ തുടർന്ന് കവിളുകൾ വീർക്കുന്നതാണ്. ഇതിന് പുറമെ,

പനി
തലവേദന
പേശിവേദന
ക്ഷീണം
ഭക്ഷണമോ വെള്ളമോ വിഴുങ്ങാൻ ബുദ്ധിമുട്ട്

എന്നിവയും അനുഭവപ്പെടാം.

അപൂർവമായി തലച്ചോറിനും വൃഷണത്തിനും ഉൾപ്പെടെ മറ്റ് അവയവങ്ങൾക്കും വീക്കം പോലുള്ള സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചികിത്സ

രക്തമോ ഉമിനീരോ പരിശോധിച്ചാണ് മുണ്ടിനീര് സ്ഥിരീകരിക്കുന്നത്. രോഗം പടരാതിരിക്കാൻ സമയബന്ധിതമായ രോഗനിർണയം നിർണായകമാണ്.

മുണ്ടിനീരിന് പ്രത്യേക ആന്റിവൈറൽ ചികിത്സ നിലവിലില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യുന്ന ചികിത്സയാണ് നൽകുന്നത്. ആവശ്യമായ വിശ്രമം, ധാരാളം ദ്രാവകങ്ങൾ കുടിക്കൽ, ശരീരത്തിലെ ജലാംശം നിലനിർത്തൽ, ഡോക്ടറുടെ നിർദേശപ്രകാരം വേദനസംഹാരികൾ ഉപയോഗിക്കൽ എന്നിവ രോഗമുക്തിക്ക് സഹായകരമാണ്.

Related Posts