താരസംഘടനയായ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി. കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ജനറൽ ബോഡി ചുമതല ഏൽപ്പിച്ച ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ, അവർ അതുസംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. രാജി പ്രഖ്യാപിച്ചവർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്ഹോക്ക് കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാറും വിഷയത്തിൽ പ്രതികരിച്ചു. മാധ്യമങ്ങൾക്കുമുന്നിൽ രാജി പ്രഖ്യാപിച്ചവർ അതിനുള്ള ഔദ്യോഗിക രാജിക്കത്ത് സമർപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും, അത് കമ്മിറ്റിയുടെ ചുമതലയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും, അന്തിമ തീരുമാനം ജനറൽ ബോഡിയുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 21-ന് കൊച്ചിയിൽ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് പ്രസിഡണ്ടായ ശ്വേത മേനോൻ ഉൾപ്പെടെയുള്ള മുഴുവൻ ഭരണസമിതി അംഗങ്ങളും രാജി പ്രഖ്യാപിച്ചത്. സംഘടനയിൽ സമീപകാലത്ത് ഉണ്ടായ ആഭ്യന്തര വിവാദങ്ങളെത്തുടർന്നായിരുന്നു ഈ തീരുമാനം. തുടർന്ന് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളായി കെ.ബി. ഗണേഷ് കുമാർ, സാദ്ദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവർ പ്രവർത്തിക്കുന്നു.