ബെംഗളൂരുവിലെ ഐഎസ്ആർഒ (ISRO) ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ആസ്ഥാനം തകർക്കുമെന്നുമുള്ള സന്ദേശം അധികൃതർക്ക് ലഭിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ ബെംഗളൂരു പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി സമഗ്ര പരിശോധന ആരംഭിച്ചു. കെട്ടിടത്തിനകത്തും പരിസര പ്രദേശങ്ങളിലുമായി സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്.
അതേസമയം, ലഭിച്ച സന്ദേശം വ്യാജമാണോയെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനും ഇമെയിൽ അയച്ചയാളെ തിരിച്ചറിയുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശോധന പൂർത്തിയാകുന്നതുവരെ ആസ്ഥാനത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.