നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയെന്ന പരാതിയിലാണ് നടപടി. അൻസിബയെ ‘ജിഹാദി’യായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഏഴ്) നൽകിയ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഇതേ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പരാതിയിൽ തെളിവില്ലെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

കോടതി പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തി. പ്രഥമദൃഷ്ട്യാ ടിനി ടോമിനെതിരെ കേസെടുക്കാൻ മതിയായ സാഹചര്യമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.

കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts