നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി അൻസിബ. “സത്യമേവ ജയതേ” എന്ന കുറിപ്പിനൊപ്പമാണ് കേരള ഹൈക്കോടതിയുടെ ചിത്രം താരം പങ്കുവെച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയതോടെയാണ് അൻസിബയുടെ പ്രതികരണം.

അൻസിബയ്ക്കെതിരായ വർഗീയ പരാമർശവും സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്. പരാതിയിൽ തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ റിപ്പോർട്ട്. എന്നാൽ, ഈ റിപ്പോർട്ട് അപൂർണമാണെന്ന് കോടതി വിലയിരുത്തി.

അൻസിബയെ “തമാശയ്ക്ക് ജിഹാദി എന്ന് വിളിച്ചതാണ്” എന്ന പോലീസിൻ്റെ വിശദീകരണവും കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നടി നീന കുറുപ്പിൻ്റെ മൊഴിയടക്കമുള്ള രേഖകൾ ഇത് വ്യക്തമാക്കുന്നതായും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ വിശദമായ അന്വേഷണം നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പരാതി അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചത്. കോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Posts