ഉപതെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ തമിഴക വെട്രി കഴകം (ടിവികെ) നിർണായക രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തി. പാർട്ടിയെ പിന്തുണയ്ക്കുന്ന കക്ഷികളുടെ യോഗം പാർട്ടി അധ്യക്ഷൻ വിജയ് ബുധനാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിശാല സഖ്യമായി മത്സരിക്കാനാണ് പാർട്ടിയുടെ നീക്കമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
സഖ്യ രൂപീകരണത്തിൻ്റെ ആദ്യഘട്ടമായി വിസികെ അധ്യക്ഷൻ തിരുമാവളവൻ്റെ വസതിയിലെത്തി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണ നൽകിയതിന് നന്ദി അറിയിക്കാനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതായും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ തുടങ്ങിയ പാർട്ടികളെയും ചർച്ചകളിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സഖ്യത്തിൻ്റെ പേരും ചർച്ചാ വിഷയങ്ങളിലുണ്ടെന്നാണ് സൂചന.
അതേസമയം, തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റത്തിൻ്റെ സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ടിവികെയുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളും ഡിഎംകെ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.