അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആചാര്യ ദേവവ്രത് ആണ് ലോക്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി, എൻസിപി, ശിവസേന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്. സുനേത്രയെ നിയമസഭാ കക്ഷി നേതാവായി നേരത്തെ എൻസിപി തെരഞ്ഞെടുത്തിരുന്നു.
ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നു ഭരണസഖ്യത്തിലും പാർട്ടിയിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്. സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത് എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ്.