ഡൽഹിയിലെ കൽക്കാജി എക്സ്റ്റൻഷനിലെ ആശാ കിരൺ അപാർട്ട്മെന്റിൽ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു ദാരുണ സംഭവം.
വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി രാത്രി ഉണർന്നപ്പോൾ മാതാപിതാക്കളെ കാണാതിരുന്നതിനെ തുടർന്ന് ബാൽക്കണിയിലേക്ക് പോകുകയായിരുന്നു. ഈ സമയം മാതാപിതാക്കൾ വീട്ടുജോലികളിൽ തിരക്കിലായിരുന്നുവെന്നാണ് വിവരം.
ബാൽക്കണിയിലെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി അപാർട്ട്മെന്റിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.