ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി അതിവേഗ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. പരീക്ഷണത്തിനിടെ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിച്ചു. ശേഷിക്കുന്ന സുരക്ഷാ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷം ഈ വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ട്രെയിനിന് ‘നമോ ഗ്രീൻ റെയിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഹരിയാനയിലെ ജിന്ദ്–സോണിപത് റൂട്ടിൽ പ്രത്യേകം സജ്ജമാക്കിയ 89 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലായിരുന്നു പരീക്ഷണ ഓട്ടം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ പാതയെന്ന പ്രത്യേകതയും ഇതിനുണ്ട്.
രണ്ട് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടുന്ന ഈ ട്രെയിൻ നിലവിലുള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഏറ്റവും കരുത്തുറ്റ മോഡലുകളിലൊന്നാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 2018-ൽ ജർമ്മനിയായിരുന്നു ലോകത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചത്. തുടർന്ന് ബ്രിട്ടൻ, അമേരിക്ക, ചൈന, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളും ഈ സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്.