അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച മെഗാ ലഹരിവിരുദ്ധ ബോധവൽക്കരണ മാരത്തണിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് നൽകി. ഫ്ലാഗ് ഓഫിന് പിന്നാലെ ട്രാക്ക് സ്യൂട്ടും സ്നീക്കേഴ്സും അണിഞ്ഞ് ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന സന്ദേശമുള്ള ടി-ഷർട്ട് ധരിച്ച് മുഖ്യമന്ത്രി തന്നെ മാരത്തണിൽ പങ്കുചേർന്നത് പരിപാടിയുടെ പ്രധാന ആകർഷണമായി.
മുഖ്യമന്ത്രി തങ്ങൾക്കൊപ്പം ഓടാനിറങ്ങിയതോടെ നൂറുകണക്കിന് യുവാക്കളും കായികതാരങ്ങളും ആവേശത്തോടെ അദ്ദേഹത്തെ അനുഗമിച്ചു. ലഹരിക്കെതിരായ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
മാരത്തൺ ആരംഭിക്കുന്നതിന് മുൻപ് “സ്പോർട്സ് എടു, ഡ്രഗ്സ് വിട്” എന്ന മുദ്രാവാക്യം ബോധവൽക്കരണ ബോർഡിൽ വിജയ് രേഖപ്പെടുത്തി. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരും അതേ ബോർഡിൽ ഒപ്പുവെച്ച് ലഹരിവിരുദ്ധ കാമ്പെയ്നിന് പിന്തുണ പ്രഖ്യാപിച്ചു. കായികമന്ത്രി ആദവ് അർജുന് ഉൾപ്പെടെയുള്ള മന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം മാരത്തണിൽ പങ്കാളികളായി.
ലഹരിവസ്തുക്കളിൽ നിന്ന് അകന്നുനിൽക്കാനും ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാൻ കൈത്താങ്ങാകാനും എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ചടങ്ങിൽ അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ കാമ്പെയ്നിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പ്രത്യേക ആന്തത്തിന് പിന്നാലെയാണ് ഈ മെഗാ മാരത്തൺ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുക എന്നത് സർക്കാരിൻ്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.