പാസ്പോർട്ട് അപേക്ഷാ ഫീസിൽ കേന്ദ്ര സർക്കാർ ഗണ്യമായ വർധനവ് പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്കുള്ള 36 പേജ് സാധാരണ പാസ്പോർട്ടിന് 2500 രൂപയും 15 മുതൽ 18 വയസ്സുവരെയുള്ളവർക്കുള്ള പാസ്പോർട്ടിന് 1750 രൂപയുമാകും. നിലവിലെ 1500 രൂപയിൽ നിന്ന് പ്രായപൂർത്തിയായവർക്കുള്ള ഫീസ് 1000 രൂപ വർധിപ്പിച്ചിരിക്കുകയാണ്.
60 പേജ് പാസ്പോർട്ടിൻ്റെ ഫീസ് 3500 രൂപയായും തത്കാൽ (Tatkal) സേവനത്തിനുള്ള ഫീസ് 5000 രൂപയായും ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിദേശയാത്രാ പദ്ധതിയുള്ളവർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
അതേസമയം, ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും വിദേശയാത്രയ്ക്കും ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള യാത്രാരേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. പാസ്പോർട്ട് കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള രേഖയാണെന്നും ആവശ്യപ്പെട്ടാൽ തിരികെ നൽകാൻ ഉടമ ബാധ്യസ്ഥനാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 27 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകുന്നു. കൂടാതെ 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യവും 66 രാജ്യങ്ങളിൽ ഇ-വീസ സൗകര്യവും ലഭ്യമാണ്.