കർണാടക സർക്കാരിൻ്റെ ഗൃഹലക്ഷ്മി പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കുടുംബനാഥമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുടെ ഗുണഭോക്തൃ പരിശോധന, ബാങ്ക് അക്കൗണ്ട് സാധൂകരണം, ഫണ്ട് വിതരണം എന്നിവയിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
19,020 ഗുണഭോക്താക്കൾ ഒരേ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 8,995 അക്കൗണ്ടുകളിലേക്ക് 1.80 കോടി രൂപ ആവർത്തിച്ച് നിക്ഷേപിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപൂർണമായ ബാങ്ക് വിവരങ്ങളോടെയും 23,262 ഗുണഭോക്താക്കൾക്ക് 46.52 കോടി രൂപ വിതരണം ചെയ്തതായും സിഎജി വ്യക്തമാക്കുന്നു.
പദ്ധതിയിലെ 10.36 ലക്ഷം ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 1.30 കോടി ഗുണഭോക്താക്കളുള്ള പദ്ധതിയിൽ ഇത് ശ്രദ്ധേയമായ ശതമാനമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഗൃഹലക്ഷ്മി പദ്ധതി വലിയ അഴിമതിയുടെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു. വിഷയത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.