നടൻ ടിനി ടോമിനെതിരെ നടി അൻസിബ നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്നും വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്.
പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാൻ മതിയായ തെളിവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസ് നിലപാട്. പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അൻസിബ കോടതിയെ സമീപിച്ചത്.
തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപം നടക്കുന്നുവെന്നും “ജിഹാദി” എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നുമാണ് അൻസിബയുടെ ആരോപണം. പരാതിയുടെ ഭാഗമായി നടി നീന കുറുപ്പിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതായി തനിക്ക് അറിവില്ലെന്ന് ‘അമ്മ’ പ്രസിഡണ്ട് ശ്വേതാ മേനോൻ പ്രതികരിച്ചിരുന്നു. കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിനു ശേഷമാകും കേസിൽ തുടർനടപടികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരിക.