തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമായി. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും വിമതപക്ഷവും പുതിയ ഭാരവാഹികളുടെയും ദേശീയ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും പ്രത്യേക പട്ടികകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതോടെയാണ് പ്രതിസന്ധി പുതിയ ഘട്ടത്തിലെത്തിയത്.
ഔദ്യോഗിക വിഭാഗം സമർപ്പിച്ച പട്ടികയിൽ മമത ബാനർജി തന്നെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ അധ്യക്ഷയായി തുടരുന്നു. സുബ്രത ബക്ഷി ഉപാധ്യക്ഷനായും അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായും തുടരുന്നുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
അതേസമയം, പ്രത്യേക യോഗം ചേർന്ന വിമതവിഭാഗം സമാന്തര സംഘടന രൂപീകരിക്കുകയും മുൻമന്ത്രി അനൂപ് റോയിയെ പുതിയ അധ്യക്ഷനായി പ്രഖ്യാപിക്കുകയും ചെയ്തു. വിമതനേതാവ് റിതബ്രത ബാനർജീയുടെ നേതൃത്വത്തിലാണ് ഈ ഭാരവാഹിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമായി പൊട്ടിപ്പുറപ്പെട്ടത്. 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതപക്ഷത്തിൻ്റെ അവകാശവാദം. കൂടാതെ, 28 ലോകസഭാ അംഗങ്ങളിൽ 20 പേരും മമത ബാനർജിയുമായുള്ള ഭിന്നതയെ തുടർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തയ്യാറാണെന്നും വിമതവിഭാഗം അവകാശപ്പെടുന്നു.
ഇതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ നടത്തിയ പരാമർശവും ശ്രദ്ധേയമായി. പാർട്ടിയിലുണ്ടായ പിളർപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസിന് ഇനി കരകയറാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, സമാന്തര കമ്മിറ്റി രൂപീകരിച്ച വിമതനേതാക്കൾക്ക് മമത പക്ഷം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെ പാർട്ടിയിലെ അധികാരപ്പോര് കൂടുതൽ കടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.