ബംഗളൂരുവിലെ മടിവാളയിൽ മലപ്പുറം സ്വദേശിയായ വ്യവസായിയിൽ നിന്ന് 20 ലക്ഷം രൂപ കവർന്ന കേസിൽ സിഐഡി ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐഡി ഇൻസ്പെക്ടർ മഹേഷ് കനകഗിരി, റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ കുപേന്ദ്ര റെഡ്ഡി, വസന്തകുമാർ എന്നിവരാണ് പിടിയിലായത്.

മലപ്പുറം സ്വദേശിയായ എ.കെ. ജുനീഷ് ബാബു ഓഹരി വിപണി ഇടപാടിനായി കൊണ്ടുവന്ന 20 ലക്ഷം രൂപയാണ് മടിവാള പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി എത്തിയ സംഘം തട്ടിയെടുത്തത്. ജൂൺ 15-ന് രാത്രി മടിവാളയിലെ ഒരു ഹോട്ടൽ മുറിയിലായിരുന്നു സംഭവം.

സംഭവസമയത്ത് മഹേഷ് കനകഗിരി പൊലീസ് ജീപ്പിൽ പുറത്തു കാത്തുനിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ ജുനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നവീൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളുമായി ജുനീഷ് മടിവാള പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം പുരോഗമിച്ചത്. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് കവർച്ചയിൽ മഹേഷ് കനകഗിരിയുടെ പങ്ക് വ്യക്തമായത്. ബന്ദേപാളയ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന മഹേഷ് അടുത്തിടെയാണ് സിഐഡിയിലേക്ക് സ്ഥലംമാറിയിരുന്നത്.

കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു.

Related Posts