ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5.15 വരെ നടക്കും. രാജ്യത്തെ 551 നഗരങ്ങളിലെയും വിദേശത്തെ 14 നഗരങ്ങളിലെയും പരീക്ഷാകേന്ദ്രങ്ങളിൽ 22.79 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.
വിദ്യാർത്ഥികൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 1.30ന് ശേഷം പ്രവേശനം അനുവദിക്കില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
ആൾമാറാട്ടവും ക്രമക്കേടുകളും തടയുന്നതിനായി ബയോമെട്രിക് പരിശോധന, മെറ്റൽ ഡിറ്റക്ടർ പരിശോധന, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലൂടെ ചോദ്യപേപ്പർ വിതരണം തുടങ്ങിയ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രസേനയുടെ കാവലും പരീക്ഷാകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിനായി ജില്ലാ ഭരണകൂടം, പൊലീസ്, വിവിധ ഏജൻസികൾ എന്നിവ ഉൾപ്പെടെ രണ്ടുലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡെറാഡൂൺ, ബംഗളൂരു, കച്ചാർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരീക്ഷാകേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ ആളുകൾ കൂട്ടംചേരുന്നതിനും സൈബർ കഫേകൾ, ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി ഇന്നലെ രാജ്യവ്യാപകമായി മോക്ക് ഡ്രിലും നടത്തിയിരുന്നു.