മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി ഉദ്ധവ് താക്കറെയുടെ ശിവസേന. പാർട്ടിയിലെ ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറുപേർ വിമതനീക്കവുമായി രംഗത്തെത്തിയതോടെ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കവെ, പ്രവർത്തകർക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായാൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.
വിമത എംപിമാർ പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ചതിനൊപ്പം പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടി ലോക്‌സഭാ സ്പീക്കറെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവർ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലേക്ക് നീങ്ങുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
താൻ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും, എന്നാൽ പ്രവർത്തകർക്ക് മറ്റാരെങ്കിലും നേതൃത്വം നൽകണമെന്ന് തോന്നുന്നുവെങ്കിൽ ഒരു സാധാരണ പ്രവർത്തകനെ പോലും അധ്യക്ഷനാക്കാൻ തയ്യാറാണെന്നും ഉദ്ധവ് വ്യക്തമാക്കി. എംപിമാരുടെ കൂറുമാറ്റത്തിൽ വോട്ടർമാരോട് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
അതേസമയം, ശിവസേന കോൺഗ്രസിൽ ലയിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്ധവ് തള്ളിക്കളഞ്ഞു. ബിജെപിയുമായി മൂന്ന് പതിറ്റാണ്ട് സഖ്യത്തിലായിരുന്നിട്ടും പാർട്ടി ലയിച്ചിട്ടില്ലെന്നും, കോൺഗ്രസിൽ ലയിക്കുമെന്ന വാദം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മറുവശത്ത്, സമാന്തരമായി നടന്ന സ്ഥാപക ദിനാഘോഷത്തിൽ ഏക്നാഥ് ഷിൻഡെ ഉദ്ധവിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. ബാലാസാഹേബ് താക്കറെയുടെ ആശയങ്ങളെ ഉദ്ധവ് തള്ളിപ്പറഞ്ഞുവെന്നും, ഇപ്പോൾ കാണുന്നത് രാഷ്ട്രീയ നാടകത്തിൻ്റെ ട്രെയിലർ മാത്രമാണെന്നും യഥാർത്ഥ സംഭവവികാസങ്ങൾ ഇനിയും വരാനിരിക്കുന്നതാണെന്നും ഷിൻഡെ പറഞ്ഞു.