ച​ത്തീ​സ്‌​ഗ​ഡിൽ ബിജെപി നേതാവിനെയും രണ്ട് അനുയായികളെയും കാറിനുള്ളിൽ ചുട്ടുകൊന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. കൊറിയ ജില്ലയിൽ നടന്ന ക്രൂര കൊലപാതകത്തിൽ ബിജെപി നേതാവും മുൻ ജനപദ് പഞ്ചായത്ത് പ്രസിഡണ്ടുമായ ഭരത് സിംഗാണ് കൊല്ലപ്പെട്ടത്.

ഭരത് സിംഗിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും സംഭവത്തിൽ മരിച്ചിരുന്നു. അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഭരത് സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവിയെ രണ്ട് ട്രക്കുകൾക്കിടയിൽ തടഞ്ഞുനിർത്തിയ ശേഷം വാഹനത്തിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മണൽ ഖനനവുമായി ബന്ധപ്പെട്ട ദീർഘകാല തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ഒമ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവർക്കായി വ്യാപക അന്വേഷണം തുടരുകയാണ്.

Related Posts