ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചു. കേരളം മുന്നോട്ടുവച്ച മേൽപാല നിർമാണ പദ്ധതിക്ക് അനുമതി നൽകിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബന്ദിപ്പൂർ വനമേഖലയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനേക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നാണ് യദുവീറിന്റെ ആരോപണം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് നൽകാമെന്ന് ഡി.കെ. ശിവകുമാർ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും യദുവീർ ആരോപിച്ചു.
അതേസമയം, കോഴിക്കോട് എംപി എം.കെ. രാഘവനുമായി അടുത്തിടെ നടത്തിയ ചർച്ചയിൽ ബന്ദിപ്പൂർ വനപാതയിൽ മേൽപാലം നിർമിക്കുന്ന പദ്ധതിയെ അനുകൂലിക്കുമെന്ന് ശിവകുമാർ അറിയിച്ചതായും യദുവീർ കത്തിൽ ചൂണ്ടിക്കാട്ടി.