മൈസൂരുവിലെ കർണാടക സർക്കാർ സ്ഥാപനമായ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് ഇന്നലെ രാവിലെ എട്ടുമണിമുതൽ ഇന്ന് രാവിലെ എട്ടുമണിവരെയുള്ള സമയത്തിനിടെ മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും രംഗത്തെത്തി. ഐസിയുവിൽ രാത്രികാലത്ത് മതിയായ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും ചികിത്സാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചെന്നും അവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഞ്ച് ജില്ലകളിലെ ഹൃദ്രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമായ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നുമാണ് ആക്ഷേപം. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നതെന്നും അതിനാൽ മരണനിരക്ക് താരതമ്യേന കൂടുതലാകുന്നത് അസ്വാഭാവികമല്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദയുടെ വിശദീകരണം.

കഴിഞ്ഞ 17 ദിവസത്തിനിടെ ആശുപത്രിയിൽ 64 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജൂൺ 9ന് മാത്രം എട്ട് പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിവസേന ശരാശരി ആറ് മുതൽ ഏഴ് വരെ മരണങ്ങൾ സംഭവിക്കുന്നത് സാധാരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു. അതേസമയം, ഒരു ദിവസത്തിനിടെ 11 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കീഴിൽ സ്വയംഭരണ പദവിയോടെ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഈ സംഭവത്തെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ പ്രതിപക്ഷവും തയ്യാറെടുക്കുകയാണ്.

Related Posts