സ്ലൊവാക്യയുടെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ബ്രാറ്റിസ്ലാവയിൽ നടന്ന ചടങ്ങിൽ സ്ലൊവാക്യൻ പ്രസിഡണ്ട് പീറ്റർ പെല്ലെഗ്രിനിയാണ് ബഹുമതി കൈമാറിയത്.
ഇന്ത്യ-സ്ലൊവാക്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ആഗോള തലത്തിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്തുന്നതിലും നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഈ അംഗീകാരം ലഭിച്ചത്.
പുരസ്കാരം ഏറ്റുവാങ്ങിയ മോദി, ഈ ബഹുമതി 140 കോടി ഇന്ത്യൻ ജനതയ്ക്കും ഇന്ത്യ-സ്ലൊവാക്യ സൗഹൃദത്തിനും സമർപ്പിക്കുന്നതായി പറഞ്ഞു. സ്ലൊവാക്യൻ ജനതയോടും സർക്കാരിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
മോദിയുടെ നേതൃത്വകാലത്ത് ലഭിക്കുന്ന 33-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും നയതന്ത്ര സഹകരണവും ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.