അവധി ആഘോഷത്തിനായി ഭർത്താവിനൊപ്പം മസൂരിയിലെത്തിയ യുവ സോഫ്റ്റ്വെയർ എൻജിനീയറെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സുകാരിയായ രാധ ഗായത്രിയാണ് മരിച്ചത്.
മസൂരി–ധനൗൽതി റോഡിലെ ഒരു ഹോംസ്റ്റേയിലായിരുന്നു സംഭവം. കിഴക്കൻ ഡൽഹി സ്വദേശിനിയായ രാധ ഗുരുഗ്രാമിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് സൗമ്യ ശ്രീചരൺ പൂനെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. 2025 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
ജൂൺ 14ന് രാത്രി ദമ്പതികൾ ഹോംസ്റ്റേയിൽ ചെക്കിൻ ചെയ്തിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഇരുവരും മുറിയിൽ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ രാധയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ഹോംസ്റ്റേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.