കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള നിരവധി ട്രെയിനുകളുടെ സർവീസുകളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂലൈ 16 മുതൽ ഓഗസ്റ്റ് ആദ്യവാരം വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക.
എറണാകുളം-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16378) ജൂലൈ 16 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. തിരിച്ചുള്ള കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസ് (16377) ജൂലൈ 17 മുതൽ ഓഗസ്റ്റ് 4 വരെ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നാകും യാത്ര ആരംഭിക്കുക.
കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല. തിരിച്ചുള്ള കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526) ഓഗസ്റ്റ് 1 മുതൽ 3 വരെ ബയ്യപ്പനഹള്ളിയിൽ നിന്നായിരിക്കും പുറപ്പെടുക.
എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20652) ജൂലൈ 31, ഓഗസ്റ്റ് 3 തീയതികളിൽ കെആർ പുരം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ജൂലൈ 16 മുതൽ 30 വരെ ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ രാവിലെ 7.45ന് സർവീസ് അവസാനിപ്പിക്കും. തിരിച്ചുള്ള കെഎസ്ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511) ജൂലൈ 17 മുതൽ 31 വരെ രാത്രി 8 മണിക്ക് ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
യാത്രക്കാർ യാത്രയ്ക്ക് മുൻപ് തങ്ങളുടെ ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും പുറപ്പെടുന്ന/അവസാനിക്കുന്ന സ്റ്റേഷനുകളും പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.