ആസാമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 ഗതാഗത വിമാനം തകർന്നുവീണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.

ഇന്ന് രാവിലെ പരിശീലന പറക്കലിനിടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന് പിന്നാലെ വിമാനം തീപിടിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.

ആറ് സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 45 പേർക്ക് വരെ യാത്ര ചെയ്യാൻ ശേഷിയുള്ള എഎൻ-32 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സഹപൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യോമസേന അറിയിച്ചു.രാജ്യസേവനത്തിനിടെ ജീവൻ നഷ്ടമായ ധീര സൈനികർക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

Related Posts