യുഎഇയിലെ അതിശക്തമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർക്ക് ആശ്വാസമായി രാജ്യത്തുടനീളം 12,000-ത്തിലധികം എയർ കണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തീരുമാനിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പ്രാബല്യത്തിലുള്ള ഉച്ചവിശ്രമ നിയമത്തിൻ്റെ ഭാഗമായാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണിവരെ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം നിലവിലുണ്ട്. എന്നാൽ സ്ഥിരമായ ഓഫീസ് സൗകര്യങ്ങളില്ലാതെ വിവിധ സ്ഥലങ്ങളിൽ സേവനം നടത്തുന്ന ഡെലിവറി ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.
മൊബൈൽ ഫോണിലെ ഇന്ററാക്ടീവ് മാപ്പ് സംവിധാനത്തിലൂടെ സമീപത്തുള്ള വിശ്രമകേന്ദ്രങ്ങൾ ജീവനക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. ജോലി തുടരണോ താൽക്കാലികമായി നിർത്തിവെക്കണമോ എന്ന കാര്യത്തിൽ കമ്പനികളുമായി ആലോചിച്ച് തീരുമാനമെടുക്കാനുള്ള സൗകര്യവും ജീവനക്കാർക്ക് ലഭിക്കും.
തൊഴിലാളികളുടെ ആരോഗ്യസംരക്ഷണവും ലോജിസ്റ്റിക്സ് സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ നാലാം വർഷവും പദ്ധതി നടപ്പാക്കുന്നത്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൻ്റെ മികച്ച മാതൃകയായ ഈ പദ്ധതിയിൽ ദുബൈ ആർ.ടി.എ, അബൂദബി മൊബിലിറ്റി, വിവിധ സാമ്പത്തിക വികസന വകുപ്പുകൾ എന്നിവയ്ക്കൊപ്പം തലാബത്ത്, ഡെലിവറൂ, നൂൺ, കരീം, കീറ്റ തുടങ്ങിയ പ്രമുഖ ഡെലിവറി കമ്പനികളും നിരവധി ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും പങ്കാളികളാകുന്നുണ്ട്.
വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡെലിവറി ജീവനക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഈ സംരംഭം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.