കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധപ്പെട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല. മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകൻ്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് അധ്യാപിക പ്രതികരിച്ചത്.