ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ചുവരുന്ന ജക്കൂർ റെയിൽവേ ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ അധികൃതർ അറിയിച്ചതനുസരിച്ച്, 600 മീറ്റർ നീളമുള്ള ജക്കൂർ റെയിൽവേ ഫ്ലൈഓവറിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. നിലവിൽ ടാറിംഗ് (അസ്ഫാൽറ്റ് വിരിക്കൽ) ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർണമായും പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ജക്കൂർ പ്രദേശം സന്ദർശിച്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഫ്ലൈഓവറിൻ്റെ പുരോഗതി പരിശോധിച്ച അദ്ദേഹം, പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം കൂടുതൽ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.