യാത്രക്കാരെ സഹായിക്കുന്ന വലിയ ഡിജിറ്റൽ നവീകരണത്തിനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). പൂർണമായും ക്യാഷ്ലെസ്, പേപ്പർലെസ് യാത്ര ലക്ഷ്യമിട്ട്, ബിഎംടിസി 11,000 നൂതന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾക്കൊപ്പം ക്യൂർ കോഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിക്കുന്നു. ഏകദേശം 4,000 പുതിയ ഇടിഎമ്മുകൾ കണ്ടക്ടർമാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ പഴയ ഉപകരണങ്ങൾക്ക് പകരം ഘട്ടംഘട്ടമായി എത്തിക്കും.
യാത്രക്കാർക്ക് ബസിൽ കയറും മുൻപ് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ക്യൂആർ മൊബൈൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബസിൽ കയറുമ്പോൾ, അപ്ഗ്രേഡ് ചെയ്ത ഇടിഎം ഉപയോഗിച്ച് കണ്ടക്ടർ ഇത് സാധൂകരിക്കും. കണ്ടക്ടർമാർക്ക് ചില്ലറ നൽകുന്നതിലെ ബുദ്ധിമുട്ട് ബിഎംടിസിയുടെ യുപിഐ പേയ്മെന്റ് സിസ്റ്റം കുറച്ചതിന് പിന്നാലെയാണ് ഈ നീക്കം. നമ്മ മെട്രോ കാർഡിന് സമാനമായ ക്ലോസ്ഡ്-ലൂപ്പ് സ്മാർട്ട് കാർഡ് സംവിധാനവും ബിഎംടിസി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് വേഗതയേറിയതും കോൺടാക്റ്റ്ലെസ് ആയ ടിക്കറ്റിംഗ് സാധ്യമാക്കും. യാത്രക്കാരുടെ സൗകര്യവും കോർപ്പറേഷന്റെ സാമ്പത്തിക താൽപ്പര്യങ്ങളും കണക്കിലെടുത്താണ് നവീകരിച്ച മെഷീനുകൾ അവതരിപ്പിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ക്യൂആർ സാധൂകരണം കൂടാതെ, ഓട്ടോമേറ്റഡ് നിരക്ക് ശേഖരണത്തിനും സ്മാർട്ട് കാർഡ് ടിക്കറ്റിങ്ങിനും ഈ ഉപകരണങ്ങൾക്ക് പിന്തുണ നൽകാൻ കഴിയും.
പഴയ സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് ചില കണ്ടക്ടർമാർ വ്യക്തിഗത യുപിഐ ക്യുആർ കോഡുകൾ പ്രദർശിപ്പിക്കുകയും യാത്രക്കാരുടെ പണം സ്വകാര്യ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നതായി ആരോപണം ശക്തമായിരുന്നു. എന്നാൽ പുതിയ ഇടിഎമ്മുകൾ ഓരോ ഇടപാടിനും ഡൈനാമിക് ക്യൂആർ കോഡുകൾ സൃഷ്ടിച്ച്, പേയ്മെന്റുകൾ ബിഎംടിസിയുടെ അംഗീകൃത ചാനലുകളിലൂടെ മാത്രമാണെന്ന് ഉറപ്പാക്കുന്നു.