ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലേക്കു കടന്നു. 48 കിലോമീറ്റർ വരുന്ന പാതയുടെ 90ശതമാനത്തിലേറെ ജോലി പൂർത്തിയായതായും ഏതാനും മാസങ്ങൾക്കുള്ളിൽ പാത തുറന്നുകൊടുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) അറിയിച്ചു. പാലങ്ങൾ, സ്റ്റേഷൻ വികസനം, സംരക്ഷണ ഭിത്തികൾ, ട്രാക്ക് ലിങ്കിങ് എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത നിർമ്മാണം പൂർത്തിയാകുന്നതോടെ ഹൊസൂർ വഴി കേരളത്തിലേക്കുള്ള ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനാകും. യാത്രാ സമയം കുറയുമെന്നതിനാൽ ബാംഗളൂരിൽനിന്നു തമിഴ്നാട്ടിലേക്കു ദിവസേന യാത്ര ചെയ്യുന്നവർക്ക് പാത പ്രയോജനപ്പെടും.