വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളിൽ കുട്ടികൾ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ഇത്തരം നൃത്തങ്ങൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും ധാർമിക മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാഭ്യാസത്തിൻ്റെ പവിത്രതക്ക് മങ്ങലേൽപിക്കുമെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും നിർദേശം ബാധകമാണ്. വിദ്യാർഥികൾ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അശ്ലീല ഗാനങ്ങൾക്കൊപ്പം കൂട്ടികൾ നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ സ്കൂളിന്റെ പ്രധാനാധ്യാപകനോ മാനേജ്മെൻറിനോ എതിരെ നടപടി സ്വീകരിക്കും.
കുട്ടികളിൽ ദേശാഭിമാനം വളർത്തുന്നതും സംസ്ഥാനത്തിൻ്റെ മഹത്വം, അന്തസ്സ്, മൂല്യങ്ങൾ, സംസ്കാരം, ധാർമ്മികത എന്നിവ പ്രതിഫലിപ്പിക്കുന്നതുമായ ഗാനങ്ങൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ വിഷയത്തിൽ വകുപ്പ് സ്വീകരിച്ച ചില നടപടികൾ സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾ മാന്യമായ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.