ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ 6 പേരെ പോലീസ് പിടികൂടി. പിടിയിലായത് തമിഴ്നാട് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജിലാണ് സംഭവം. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർഥി വിളിച്ചുവരുത്തിയതായിരുന്നു അക്രമികളെയെന്ന് പോലീസ് വ്യക്തമാക്കി.
മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള തർക്കമാണ് ബെംഗളൂരു കൊണനകുണ്ടെയിൽ വീടുകയറിയുള്ള ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. ഈ തർക്കത്തെ തുടർന്ന് അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. ഇപ്രകാരം എത്തിയ അഞ്ചംഗ സംഘം വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും മർദിക്കുകയുമായിരുന്നു.
അക്രമിസംഘം വീട്ടിനകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആദർശ്, ഡാർവിൻ, ഇർഫാൻ മുഹമ്മദ്, ബേസിൽ, മൊഹമ്മദ് സൽമാൻ, ഉത്തരേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അക്രമികൾ അപഹരിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ, അഭിനേഷ്, കലൈവേന്ദൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പകൾ എന്നിവ പിടിച്ചെടുത്തതായി കൊണനകുണ്ടെ പോലീസ് അറിയിച്ചു.