സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹപരിശോധനക്കിടെ ഇൻവിജിലേറ്റർമാർ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിനെ തുടർന്ന് ബംഗളൂരവിൽ പ്രതിഷേധവും സംഘർഷവും. കോറമംഗല കൃപാനിധി കോളജിലാണ് ഇന്നലെ പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ വിശ്വസത്തെ ഹനിക്കുന്ന നടപടിയുണ്ടായെന്ന് ആക്ഷേപമുയർന്നത്. ഇൻവിജിലേറ്ററെ കോളജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് വിദ്യാർഥികളുടെ പൂണൂലും കൈയിൽ കെട്ടിയ ചരടുകളും അഴിച്ചമാറ്റാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. പരീക്ഷക്ക് ശേഷം സംഘടിച്ചെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും നടപടി ചോദ്യം ചെയ്തു. ശിവമോഗ്ഗ, ബിദർ എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ നടന്നായി റിപ്പോർട്ടുകൾ പുറത്തു വന്നു. രക്ഷിതാക്കളിൽ ഒരാൾ സാഗർ ടൗൺ പൊലീസിൽ പരാതി നൽകി. ലോഹ ആഭരണങ്ങൾ പാടില്ലെന്നാണ് പരീക്ഷ ചട്ടങ്ങളിലുള്ളതെന്നും പൂണൂൽ എന്തു കൊണ്ടാണ് നീക്കണമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ചില വിദ്യാർഥികൾ പ്രതികരിച്ചു. പൂണൂൽ നീക്കം ചെയ്യരുതെന്ന് നിർദേശം ഉണ്ടായിരുന്നിട്ടും എന്തിന് നീക്കം ചെയ്യുവെന്ന് രക്ഷിതാക്കൾ ചോദ്യം ചെയ്തു.
ചരടുകളും പൂണുലും നീക്കം ചെയ്യാൻ വിദ്യാർഥികളോട് ആവശ്യപ്പെടരുതെന്ന് കഴിഞ്ഞ വർഷം തന്നെ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ ഉദ്യോഗസ്ഥർ അവഗണിച്ചുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
അതേസമയം, സംഭവത്തെ വർഗീയമായി മുതലെടുക്കാൻ ബി.ജെ.പി രംഗത്തെത്തി. താലിയും പൂണൂലും നീക്കം ചെയ്യാൻ പറയുന്നത് കോൺഗ്രസ് സർക്കാറിൻ്റെ ഹിന്ദു വിരുദ്ധതയുടെ ഭാഗമാണെന്ന് കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. കഴിഞ്ഞ വർഷം സി.ഇ.ടി. നീറ്റ് പരീക്ഷ വേളയിൽ പൂണൂൽ അഴിപ്പിക്കുകയും കെ.പി.എസ്.സി പരീക്ഷക്കിടെ താലി അഴിക്കാൻൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഇതെല്ലാം അവർത്തിക്കുകയാണെന്നും ബി.ജെ.പി നേതാവ് എക്സിൽ കുറിച്ചു. കോൺഗ്രസ് അനൗദ്യോഗികമായി ശരീഅത്ത് നിയമം നടപ്പിലാക്കിയിട്ടുണ്ട്.
ഒരു വശത്ത് റമദാൻ മാസത്തിൽ ഉറുദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തുമ്പോഴാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു.