ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
ഗുണ്ടൽപേട്ട് താലൂക്കിൽ 523 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. നഞ്ചുണ്ടപ്പ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സംസ്ഥനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന താലൂക്കുകളിൽ ഒന്നാണ് ഗുണ്ടൽപേട്ട്. താലൂക്കിന് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവും പ്രാദേശിക എം.എൽ.എ. ഗണേഷ് പ്രസാദിൻ്റെ സമ്മർദവും മൂലമാണ് പദ്ധതി നടപ്പാക്കിയത്. കോൺഗ്രസ് സർക്കാറിൻ്റെ ഭരണം വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെങ്കിലും പ്രതിപക്ഷം അപവാദപ്രചാരണം നടത്തുകയാണ് എന്നും ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ പറഞ്ഞു.
ഗുണ്ടൽ പേട്ടിൽ നടപ്പാക്കുന്ന പദ്ധതി വികസനത്തിൻ്റെ തെളിവാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഗ്രാമവികസനം, ഇന്ധനം, ജലസേചനം, കൃഷി തുടങ്ങി എല്ലാ വകുപ്പുകളും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഗുണ്ടൽപേട്ട മണ്ഡലത്തിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.