അമേരിക്കയിൽ നടന്ന വെടിവെയ്പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുളള കുട്ടികൾ ആണ് കൊല്ലപ്പെട്ടത്. ഷമർ എൽക്കിൺസ് എന്ന 31 വയസ്സുകാരനാണ് അക്രമി. ഇയാളെ പൊലീസ് വെടിവെച്ചുകൊന്നു. കുടുംബ തർക്കമാണ് കാരണമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ടതിൽ ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണ്. ഷമർ എൽക്കിൺസും ഭാര്യയും തമ്മിൽ ഏറെക്കാലമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഷമർ എൽക്കിൺസ് ഒരു മുൻ സൈനികനാണ്.
കുട്ടികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയുധവുമായി ഭാര്യയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളുടെ ഭീഷണി കാരണം ഭാര്യ കുട്ടികളെ മറ്റൊരാളെ നോക്കാൻ ഏൽപ്പിച്ചിരിക്കുകയായിരുന്നു. അക്രമി ആദ്യം ഭാര്യയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇവർ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ തുടരുകയാണ്. പിന്നീട് ഇയാൾ കുട്ടികളുള്ള വീട് തേടിപ്പിടിച്ചെത്തുകയും അക്രമിയുടെ ഏഴ് മക്കളെയും കുട്ടികളെ നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയുടെ ഒരു കുട്ടിയേയും വെടിവെച്ചുകൊല്ലുകയായിരുന്നു. നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയുടെ തലയ്ക്കും വെടിയേറ്റു. ഇവർ ഗുരുതര നിലയിൽ ആശുപത്രിയിലാണ്.