മന്ത്രിസഭാ പുനഃസംഘടനക്കായി ഡൽഹി സന്ദർശിക്കുന്ന എം.എൽ.എമാർ പാർട്ടി അച്ചടക്കം പാലിക്കണമെന്നും പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അനാവശ്യ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എം.എൽ.എമാരിൽ ചിലർ താനുമായി കൂടിയാലോചന നടത്തി മന്ത്രിപദത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

എം.എൽ.എമാർ പാർട്ടി ഹൈക്കമാൻഡിനെ കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന സമയവും രീതിയും പരമ പ്രധാനമാണെന്നും എല്ലാവരുടെയും ഭാവി നിർണയിക്കുന്നത് പാർട്ടിയാണെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടി ഹൈക്കമാൻഡിൻ്റെതാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ബജറ്റ് സമ്മേളനവും കാരണമായിരിക്കാം വൈകിയതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എം.എൽ.എമാരുടെ ഡൽഹി സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.

Related Posts