കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും കെ.സി. വേണുഗോപാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പറയപ്പെടുന്നത്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ വ്യക്തമാക്കി.