നടനും ടിവികെ അധ്യക്ഷനുമായ വിജയ് കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയ് തീരുമാനിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളും മുൻപ് നടന്ന യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് മാറ്റിവെച്ചതിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
യുവജനങ്ങൾ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ 5 പേർ അപകടത്തിൽപ്പെട്ടിരുന്നു. ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് റോഡ്ഷോ വേണ്ടെന്നു വച്ചതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
കടലൂരിലെ പരിപാടി മാറ്റിവെച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി വിജയ് രംഗത്തുണ്ട്. 14 ന് പുതുക്കോട്ടയിൽ റോഡ്ഷോ നടത്താൻ വിജയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.