സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. വ്യാഴാഴ്ച കോറമംഗല കെ.എ സ്.ആർ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ‘പൊലീസ് പതാക ദിനത്തിൽ മെഡൽ ജേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് നിർമ്മാർജ്ജനത്തിനായി കർണാടക സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്നാണ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആദ്യമായി സൈബർ കമാൻഡ് യൂനിറ്റ് സ്ഥാപിച്ചത് കർണാടകയാണ്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കുറക്കാൻ സാധിച്ചു. ഇരകൾക്ക് നീതി നൽകുന്നതിൽ രാജ്യത്ത് കർണാടക ഒന്നാം സ്ഥാനത്താണ്. പൊലീസ് വകുപ്പ് ദിവസവും നിരവധി വെല്ലുവി ളികൾ നേരിടുന്നുണ്ട്. എങ്കിലും അതെല്ലാം തരണം ചെയ്തു സമാധാനം നിലനിർത്താൻ പരിശ്രമിക്കുന്നു. വർഷങ്ങൾക്കുമുമ്പ് ആൻ്റി നക്സൽ ഫോഴ്സ് സ്ഥാപിച്ചതിലൂടെ കർണാടകയെ രാജ്യത്തെ ആദ്യത്തെ നക്സൽ രഹിത സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചു. വരും ദിവസങ്ങളിൽ പൊലീസ് വകുപ്പിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരും – അദ്ദേഹം പറഞ്ഞു.