ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്ക പാത നിർമാണം ലാൽബാഗിനുണ്ടാക്കുന്ന പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി പരിശോധന ആരംഭിച്ചു. അഞ്ചംഗ സമിതിയാണ് പഠനം നടത്തുന്നത്. പദ്ധതിക്കു മുന്നോടിയായി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ തേജസ്വി സൂര്യ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തെഴുതിയതിനെ തുടർന്നാണ് സമിതി രൂപീകരിച്ചത്.
ലാൽബാഗിലൂടെ ആറുവരി തുരങ്കപാത കടന്നു പോകുന്ന ഭാഗത്ത് വിശദമായ ഭൂമിശാസ്ത്ര വിലയിരുത്തൽ നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. ലാൽബാഗിലെ വിവിധ നിർമിതികൾക്കുണ്ടാകാനിടയുള്ള ആഘാതത്തെകുറിച്ചും ലാൽബാഗ് പരിസരത്ത് നിർമിച്ച കുഴൽക്കിണറുകളെകുറിച്ചും മറ്റും വിശദമായ നടത്തും. ലാൽബാഗിൻ്റെ 6 ഏക്കറോളം സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വരിക. പദ്ധതിക്കായി ലാൽബാഗിൻ്റെ സ്ഥലം ഉപയോഗിക്കുന്നതിൽ തേജസി സൂര്യ എംപി ഉൾപ്പെടെയുള്ളവർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ ബെംഗളൂരു പ്രജാവേദികെയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.