രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണത്തിന് ബിജെപി മാത്രമാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പു നല്‍കി. ബിജെപി എന്നും മഹിളകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക മേഖലയില്‍, ആരോഗ്യ മേഖലയില്‍, ഭവനം ഉറപ്പാക്കുന്നതില്‍ എല്ലാം ഈ ശ്രദ്ധയുണ്ട്.

കേന്ദ്ര സര്‍ക്കാരിൻ്റെ എല്ലാ പദ്ധതികളിലും മുന്‍ഗണന സ്ത്രീകള്‍ക്കാണ് നല്‍കുന്നത്. നിയമസഭകളിലും പാര്‍ലമെന്റിലും അര്‍ഹമായ പങ്കാളിത്തം നല്‍കാന്‍ നാരിശക്തി വന്ദന്‍ അഭിയാന്‍ നിയമം പാസാക്കി. എന്നാല്‍ കോണ്‍ഗ്രസിൻ്റെ പാലക്കാട്ടെ നേതാക്കളില്‍ ഒരാള്‍ മഹിളകളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുന്നു. ഇപ്പോള്‍ പുതിയൊരു കോണ്‍ഗ്രസ് നേതാവുകൂടി മഹിളകളെ ചൂഷണം ചെയ്തതിന് പാര്‍ട്ടി പദവികളില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മഹിളകളോട് പറയാനാഗ്രഹിക്കുന്നു, നിങ്ങള്‍ കരുതിയിരിക്കുക. ബിജെപി സാധാരണക്കാരായ മഹിളകളെപ്പോലും ഏറ്റവും ഉന്നതമായ പദവികളില്‍ എത്തിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം, പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും മാറിമാറി ഭരിക്കുന്നു. ഇവര്‍ ഒരിക്കലും മറ്റൊരാളുടെ അഴിമതികളെക്കുറിച്ച് അധികാരത്തിലെത്തുമ്പോള്‍ മിണ്ടുന്നില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ രണ്ടുകൂട്ടരുടെയും അഴിമതികള്‍ പുറത്തുകൊണ്ടുവരും. അതുകൊണ്ടാണ് രണ്ടു കൂട്ടരും ബിജെപിയെ ഭയപ്പെടുന്നത്. രണ്ട് അഴിമതിപ്പാര്‍ട്ടികളും ആരെയെങ്കിലും പേടിക്കുന്നെങ്കില്‍ അത് ബിജെപി-എന്‍ഡിഎ മുന്നണിയെയാണ്, മോദി പറഞ്ഞു.

Related Posts