ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിൻ്റെ വനിതാവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോണിമ അനീഷ് (ചെയർപേഴ്സൺ), അഞ്ജലി അനിൽകുമാർ (കൺവീനർ) ലില്ലി സുകുമാരൻ(ട്രഷറർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടം നേടിയ സംഘടനയാണ് കല ബെംഗളൂരു. നഗരത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനകളിലൊന്നായ കല ബെംഗളൂരു, തൊഴിലാളികളും പ്രവാസി മലയാളികളും ഉൾപ്പെടുന്ന സമൂഹത്തിൻ്റെ വിവിധ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
കലാ ബെംഗളൂരുവിൻ്റെ വനിതാവേദി സ്ത്രീശാക്തീകരണവും സാമൂഹിക ബോധവത്കരണവും ലക്ഷ്യമാക്കി നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
വനിതകളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പങ്കെടുപ്പിക്കുന്നതിലും അവരെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു വരുന്ന വനിതാ വേദിയുടെ പുതിയ ഭാരവാഹികൾ സ്ത്രീകൾക്കായി പുതിയ വിവിധതരം പദ്ധതികൾ ആവിഷ്കരിക്കുമെന്നും കല ബാംഗ്ലൂരിൻ്റെ വനിതാ വേദിയുടെ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ള സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുമാണ് പുതിയ നേതൃത്വത്തിൻ്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പുതിയ ഭാരവാഹികൾക്ക് കല ബാംഗ്ലൂരിൻ്റെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡണ്ട് ബിനു പാപ്പച്ചൻ, ട്രഷറർ സീത രജീഷ് എന്നിവരും കല കേന്ദ്ര കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു.